കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ട് അപ്പ് കമ്പനികളുടെ എണ്ണം 1000 ൽ അധികമായെന്നു കേരളാ സ്റ്റാർട്ട് അപ്പ് മിഷൻ കണക്കുകൾ പറയുന്നു. ഒറ്റവർഷത്തിൽ രൂപംകൊണ്ടത് 1240 സ്റ്റാർട്ടപ്പുകൾ. ഇതോടെ സംസ്ഥാനത്ത് സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണം 7700 കടന്നു.
ഏതാണ്ട് 75000 ൽ അധികം ജീവനക്കാർ വിവിധ സംരംഭങ്ങളിലായി ജോലി ചെയ്യുന്നുണ്ട്. ടെക്നോളജി, സോഫ്റ്റ്വെയർ മേഖലയിൽ നിന്നാണ് രജിസ്റ്റർ ചെയ്ത കമ്പനികളിൽ ഭൂരിഭാഗവും. മൊത്തം സ്റ്റാർട്ട് അപ്പ് കളുടെ മൂന്നിലൊന്ന് ഈ വിഭാഗത്തിൽ നിന്നാണ്.
വിദ്യാഭ്യാസമേഖല, ആരോഗ്യമേഖല എന്നിവയുമായി ബന്ധപ്പെട്ടാണ് 20 ശതമാനത്തോളം. അതെ സമയം, വനിതാ സംരംഭകർ നേതൃത്വം നൽകുന്ന കമ്പനികളുടെ എണ്ണം 800 ൽ അധികമാണ്.
മിക്കവാറും എല്ലാ ജില്ലകളിലും സ്റ്റാർട്ടപ്പുകളുണ്ട്. എറണാകുളത്താണ് കൂടുതൽ, 1896. സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്യാത്ത കമ്പനികൾകൂടിയാകുമ്പോൾ എണ്ണം പതിനായിരം കടക്കും. തിരുവനന്തപുരത്ത് 471 കമ്പനികളും കോഴിക്കോട്ട് 507, കാസർകോട്ട് 63, ഇടുക്കിയിൽ 75, വയനാട്ടിൽ 70 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്ത കമ്പനികളുടെ കണക്കുകൾ.
സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമാക്കുന്ന ഫണ്ടും മറ്റു സഹായങ്ങളും എണ്ണംകൂടാൻ സഹായകരമാകുന്നുണ്ട് എന്ന് സ്റ്റാർട്ട് അപ്പ് മിഷൻ കണക്കുകൾ പറയുന്നു. 7500 കോടിയുടെ ഫണ്ട് ഇതുവരെ സ്റ്റാർട്ടപ്പുകൾക്കായി ലഭ്യമാക്കാനായിട്ടുണ്ട്. കഴിഞ്ഞവർഷംമാത്രം 400 കോടിരൂപയുടെ ഫണ്ടിങ് ലഭ്യമായി. ആദ്യഘട്ട സഹായധനം എന്ന നിലയിൽ സ്റ്റാർട്ടപ്പ് മിഷൻതന്നെ 8.4 കോടി നൽകിയിട്ടുണ്ട്.